കാറും കോളും

ചൂടെത്തും മുൻപേ…

വേനൽക്കാലം ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ കടലിലും കടപ്പുറത്തും ചൂട് കൂടുന്നതും അത് നമ്മുടെയൊക്കെ നിത്യജീവിതത്തെയും തൊഴിലിനെയും ബാധിക്കുന്നതും ഒരു സ്ഥിരം കാഴ്ച്ചയായി മാറിക്കഴിഞ്ഞു. അത്യാവശ്യം കടുത്ത ചൂടാണ് ഇക്കൊല്ലം കേരളത്തെ കാത്തിരിക്കുന്നതെന്ന് ഇതിനോടകം തന്നെ കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പകൽ സമയത്ത് പലയിടത്തും 34 ഡിഗ്രി സെൽഷ്യസിനും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയാണ് രേഖപ്പെടുത്തുന്നത്.


നമ്മുടെ നാട്ടിലൊക്കെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ജലത്തിൻറെ അളവ് അഥവാ ഈർപ്പം കൂടുതലാണെന്നതും നമ്മുടേത് ഒരു തീരദേശ സംസ്ഥാനമാണെന്നതും കേരളത്തിൽ ചൂട് കൂടുന്നതിന് ഇടയാക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ നട്ടുച്ചയിലെ കത്തുന്ന ചൂടിൽ നിന്ന് സ്വയം സംരക്ഷിക്കാൻ സഹായിക്കുന്ന മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ലേബർ കമ്മീഷനും പോലുള്ള ഏജൻസികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. രാവിലെ 11നും ഉച്ചയ്ക്ക് മൂന്ന് മണിക്കുമിടയിൽ സൂര്യപ്രകാശം ഏൽക്കുന്നത് കഴിവതും ഒഴിവാക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
കരയിലെ തൊഴിലാളികളെ മുന്നിൽക്കണ്ടാണ് ഇത്തരം നിർദേശങ്ങളിൽ പലതും അധികൃതർ നൽകാറുള്ളത്. എന്നാൽ പുറംപണികളിൽ വളരെ പ്രധാനപ്പെട്ടതും വെയിലേൽക്കാൻ ഏറെ സാധ്യത കൂടിയതുമായ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ കാര്യത്തിൽ മേൽപ്പറഞ്ഞ നിർദേശങ്ങൾ എത്രകണ്ട് പ്രായോഗികമാണ് എന്ന ചോദ്യവും ഇല്ലേ?
ചൂടുകാലത്തെ കടൽപ്പണിയെപ്പറ്റി പുതിയതുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയായ ക്ലീറ്റസും കേരള ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസാർഡ് അനലിസ്റ്റായ ഫഹദ് മർസൂക്കും റേഡിയോ മൺസൂണിനോട് ഇന്നത്തെ പരിപാടിയിൽ വിശദീകരിക്കുകയാണ്.